Thursday, December 21, 2017 0 comments

പുസ്തക അവലോകനം- വേരുകള്‍

തിയതി:  17/ 01 / 2012
പുസ്ത്കം : വേരുകള്‍
രചന: ശ്രീ മലയാറ്റൂര്‍ രാമകൃഷ്ണന്‍

ട്രെയിനിലുള്ള ദിവസേന യാത്ര പുസ്തകങ്ങളുടെ ലോകത്തേക്ക് വീണ്ടും പ്രവേശിക്കാനുള്ള ഒരു സുവര്‍ണ്ണ അവസരമായി. കഴിഞ്ഞ ഒരാഴ്ചയില്‍ ശ്രീ മലയാറ്റൂര്‍ രാമകൃഷ്ണന്ടെ "വേരുകള്‍" വായിക്കാനുള്ള അവസരം ഉണ്ടായി. പുസ്തകതിന്ടെ അവസാന താള്‍ മറിച്ചപ്പോള്‍ അനിര്‍വചനീയമായ ഒരു അനുഭുതിയാണ് ഉണ്ടായത്. വളരെ കാലമായി "വേരുകള്‍" വായിക്കണമെന്ന ചിന്ത മനസ്സിന്ടെ അടിത്തട്ടില്‍ ക്ലാവ് പിടിച്ചു കിടക്കുകയായിരുന്നു.ഈ നോവലിന്ടെ ഒരു അധ്യായം പാഠപുസ്തകത്തില്‍ വായിച്ചതായി ഇപ്പോള്‍ ഓര്‍കുന്നു. മലയാള  സാഹിത്യത്തിന്ടെ മധുരമാര്‍ന്ന ഗൃഹാതുരുത്വം മനസ്സില്‍ ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ നിര്‍വൃതിയടയുന്നു.

"വേരുകളിലൂടെ" ശ്രീ രാമകൃഷ്ണന്‍ നമ്മെ നമ്മുടെ അമുല്യമായ പൈതൃകത്തെ ഓര്‍മപ്പെടുത്തുന്നു. കാലം പുരോഗമിക്കുന്തോറും ആധുനികതയുടെ മായാവലയത്തില്‍ കുടുതല്‍ ഞ്ഞരുങ്ങിപ്പിടയുന്ന മനുഷ്യമനസ്സിനെ, ഒരു ഭൌതികമായ യാത്രയില്‍ കൊണ്ടുപോകുകയും, അതിലുടെ ജീവിതത്തിന്ടെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്‍ തുറപ്പിക്കുകയും ചെയ്യുന്നു ശ്രീ രാമകൃഷ്ണന്‍.

പണ്ടു കാലത്ത് തഞ്ചാവൂര്‍ , കാഞ്ചീപുരം മുതലായ സ്ഥലങ്ങളില്‍ നിന്നും കേരളത്തിലെത്തി, അവിടുത്തെ സംസ്കാരത്തോടു കൂടി ഇഴുകിച്ചേര്‍ന്ന "പട്ടന്മാര്‍" എന്ന് വിളിക്കപെടുന്ന ബ്രാഹ്മണരുടെ ഒരു കുടുംബകഥയാണ് നോവലിലൂടെ പ്രദിപാധിച്ചിരിക്കുന്നത്‌. കഥാനായകന്‍ "രഘു" തിരുവനന്തപുരത്ത് സെക്രെട്ടരിയട്ടില്‍ വലിയനിലയില്‍ ഉദ്യോഗം നോക്കിപോരുന്നു. അദേഹത്തിന്ടെ ഭാര്യയും മക്കളും പരിഷ്കാരതിന്ടെ കളിപ്പാവകളായി നടമാടുന്നു. പട്ടണത്തില്‍ ഒരു വലിയ വീടുവയ്ക്കണമെന്ന ഉദ്യമത്തില്‍ രഘു നാട്ടിലെ തറവാട് വില്‍ക്കുവാന്‍ തീരുമാനിക്കുന്നു. നാട്ടിലെത്തിയ രഘുവിന്  തന്ടെ ബാല്യകാലത്തെയും യവ്വനകാലത്തെയും സ്മരണകള്‍ ഓരോന്നായി ഓര്‍മയിലെത്തുന്നു.ഇപ്പോഴത്തെ ഉന്നതിയില്‍ അച്ഛന്‍/സഹോദരി മുതലായവര്‍ അവരുടെ ജീവിതംതന്നെ അര്‍പ്പിച്ചു എന്ന അവബോധം അയാളില്‍ മാനസാന്തരം വരുത്തുകയും തുടര്‍ന്ന് നാട്ടിലുള്ള വേരുകള്‍ ഊര്‍ജസ്വലപ്പെടുത്താനുള്ള അന്തിമതീരുമാനം കൈകൊള്ളുന്നതുമാണ് കഥാസാരം.

രാഘുവിന്ടെ കഥ നമ്മുടെ പുതുതലമുറക്ക ് ഒരു ചോദ്യചിഹ്നമാണ്.
" നാടോടുമ്പോള്‍ നടുവേ ഓടുക" എന്ന സിദ്ധാന്തത്തിലൂടെ  നന്മ നിറഞ്ഞ പൈതൃകത്തെ നമ്മള്‍ വിസ്മരിച്ചിരിക്കുന്നു. നമ്മള്‍ ഓരോരുത്തരും ആരാണ് എന്ന അവബോധം നമ്മുടെ പൈതൃകത്തില്‍ നിന്നാണ് ഉല്ഭവിക്കുന്നത്ത്. ആ പൈതൃകത്തെ വേരോടെ കടപുഴക്കിയെറിഞ്ഞ് കേവലം നശ്വരമായ സുഖങ്ങള്‍ക്ക് പിറകെ പലായനം ചെയ്യുന്നത് ആത്മഹത്യയ്ക്ക് തുല്യമാണ്. ആധുനികതയുടെ സ്പന്ദനത്തിന് എത്രതന്നെ വേഗതയേറിയാലും, നമ്മള്‍ കടന്നു പോയ വഴികളേയും, ആ വഴികളിലെ കല്ലും മുള്ളും തങ്ങളുടെ ചോരയിലൂടെയും,വിയര്‍പ്പിലൂടെയും അലിയിപ്പിച്ച ആത്മാക്കളെയും എന്നും സ്മരിക്കണമെന്ന വിലവത്തായ സന്ദേശമാണ് ഈ അദ്ധ്ഭുതരചന നല്കുന്നത്‌. ഈ സന്ദേശം തന്നെയാണ് നമ്മള്‍ വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കേണ്ട അമുല്യ നിധി.



 
;