Sunday, September 21, 2025

സ്വപ്നസഞ്ചാരി

 വെങ്കിടിയുടെ മനസ്സ് ഒരു കാറ്റാടിയെ പോലെ പാറി പറക്കുകയായിരുന്നു. നീണ്ട 40 വര്ഷങ്ങള്ക്കു ശേഷം സെലീനയുമായി വീണ്ടും ഒരു കൂടിക്കാഴ്ച! കാറോടിച്ചു അവളെ കാണാൻ പോകുമ്പോൾ മനസ്സിൽ ക്ലാവുപിടിച്ചു കിടക്കുന്ന ആ വർണചിത്രം ഇന്നലെ എന്ന പോലെ അവന്റെ കണ്മുന്നിൽ തെളിഞ്ഞു. പാടവരമ്പത്തെ  രണ്ടുനില സ്കൂൾ, സ്കൂളിന്റെ ഉള്ളിലെ ആ നീണ്ട വരാന്ത, ക്‌ളാസിനുള്ളിൽ ഇരുവശത്തായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉള്ള ബെഞ്ചും ഡെസ്കും, 40 കുട്ടുകാർ, പിന്നെ പുഞ്ചിക്കുന്ന ആ മുഖം- സെലീനയുടെ മുഖം- വിവേകോദയം സ്കൂളിലെ 80 തു കളിലേക്കു കെ-റെയിലിന്റെ വേഗത്തിൽ വെങ്കിടി പറന്നെത്തി.


ഒന്നാം ക്‌ളാസിൽ ആണ് വെങ്കിടി വിവേകോദയത്തിൽ ചേരുന്നത്. ജൂലൈ മാസത്തിൽ പെയ്യുന്ന ശ്കതമായ മഴയിൽ കള്ളിയിട്ട യൂണിഫോമും , റയിൻകോട്ടും, ഒരു കറുത്ത കുടയും ചൂടി സ്കൂൾ അങ്കണത്തിൽ എത്തുമ്പോൾ അവന്റെ മനസ്സിൽ സന്തോഷവും, പ്രതീക്ഷയും, ചെറിയ ഒരു അങ്കലാപ്പും ആയിരുന്നു. പുതിയ കുട്ടുകാരെ കിട്ടുമോ, ടീച്ചർമാർ ചീത്ത പറയുമോ, ചൂരൽവടി കൊണ്ട് തല്ലുമോ എന്നൊക്കെയായിരുന്നു അവന്റെ ആധി.  സ്കൂൾ എങ്ങനെ ഉണ്ടാകുമെന്നു മുത്തശ്ശിയുടെ കൂടെ കിടക്കുമ്പോൾ പറഞ്ഞുകേട്ട അറിവ് മാത്രമേ ആ കുഞ്ഞുമനസ്സിൽ ഉണ്ടായിരുന്നുള്ളു. പതിയെ പതിയെ വെങ്കിടി സ്കൂൾ ജീവിതം ഇഷ്ടപ്പെട്ടു തുടങ്ങി.ജോസിന്റെയും, രാജീവിന്റെയും മറ്റു കൂട്ടുകാരുടെയും കൂടെ അടുത്തുള്ള പാടത്തു തോർത്തു വെച്ച് ചെറിയ മീനുകളെ അവൻ പിടിച്ചു. മഴക്കാലത്തു വെള്ളം കെട്ടി നിന്ന ആ സ്കൂൾ ഗ്രൗണ്ടിൽ ഓടിയും, ചിറക്കിയും, ചെളിപുരണ്ടും ഉള്ള ഫുട്ബോൾ കളി ഒരു ഹരമായി. സ്കൂളിന് പിറകുവശത്തെ റയില്പാളത്തിലൂടെ പുക പറപ്പിച്ചു പോകുന്ന തീവണ്ടി ഒച്ച കേൾക്കാൻ കൃത്യം 10 മണിക്കും, 12 മണിക്കും, 2 മണിക്കും അവരെല്ലാവരും കാതോർത്തു. ഉച്ചക്ക് സ്റ്റീൽ ചോറ്റുംപാത്രം ബെഞ്ചിന്റെ സൈഡിൽ തട്ടിത്തുറന്നു, തങ്കപ്പൻ ചേട്ടന്റെ പെട്ടികടിൽ നിന്നും വാങ്ങിയ നാരങ്ങാ അച്ചാറിന്റെ കൂടെ മോരും കൂട്ടി കൂട്ടുകാരൊത്തു വട്ടമിരുന്നു വെങ്കിടി എല്ലാദിവസവും കഴിച്ചു. എല്ലാ വ്യാഴാച്ചയും ക്ലാസിൽ L & D എന്നൊരു ഏർപ്പാട് ഉണ്ടാക്കുന്നു- ആടാനും, പാടാനും, വരക്കാനും, കവിത എഴുതാനും മറ്റും ആയി കുട്ടികൾക്ക് എന്ത് വേണമെങ്കിലും ചെയ്യാനുള്ള ഒരു മണിക്കൂർ നേരം. മിക്കവാറും പ്രാവശ്യം ദാസേട്ടന്റെ മുഖചിത്രമുള്ള സിനിമാഗാനങ്ങളുടെ പുസ്തകത്തിൽ നിന്ന് അജിത് പാടുമ്പോൾ വെങ്കിടി അവന്റെ പിന്നാലെ അഭിലാഷിനും, അബ്‌ദുവിനും, പ്രവീണുമൊപ്പം ഒക്കെ കോറസ്സിൽ പാടി. ആയിടയ്ക്ക് ഇറങ്ങിയ ഐ ഓട്ടോ എന്ന ലാലേട്ടൻ പടത്തിലെ സുന്ദരി സുന്ദരി എന്ന ഗാനം സ്ഥിരമായി പാടുമ്പോൾ അവർ പാട്ടിനൊത്തു ചുവടു വെച്ച് ആടി ഉല്ലസിച്ചു. നാരായണൻ മാഷിന്റെ ഹിന്ദി പ്രചാർ സഭ ക്ലാസിലൂടെയും അംബിക മിസ്സിന്റെ സ്പുടമായ മലയാളം പദ്യങ്ങളിലൂടെയും, മായാമിസ്സിന്ടെ ഇംഗ്ലീഷ് ക്ലാസ്സിലൂടെയും വർഷങ്ങൾ കടന്നു പോയി.

ഏഴാം ക്‌ളാസിൽ അംബിക മിസ് ഒരു പദ്യം ചൊല്ലുമ്പോൾ ആണ് വെങ്കിടിയുടെ സ്കൂൾ ജീവിതത്തിലെ ആ നിർണായക വഴിത്തിരിവ്. സെലീന എന്ന ഒരു പെൺകുട്ടി അവന്റെ ക്ലാസിൽ ചേർന്നു. ടീച്ചർ അവളെ എല്ലാര്ക്കും പരിചയപെടുത്തിയതിനു ശേഷം പെൺകുട്ടികളുടെ വശത്തു ഇരിക്കാൻ പറഞ്ഞു. ബോംബയിൽ നിന്നും അച്ഛൻ ജോലി മാറി കൊടകരയിലേക്കു വന്നതിന്റെ ഭാഗമായാണ് സെലീന വിവേകോദയത്തിൽ ചേരുന്നത്. അവളുടെ നടത്തത്തിലും , നോട്ടത്തിലും, വേഷവിധാനത്തിലും എല്ലാം തന്നെ ഒരു വല്ലാത്ത പുതുമയും, കോൺഫിഡൻസും വെങ്കിടിക്കു കണ്ടപാടെ അനുഭവപെട്ടു. അത് അവനു മാത്രമല്ല , മറ്റെല്ലാ ആൺകുട്ടികൾക്കും തോന്നി എന്ന് അടുത്ത ബെൽ ബ്രേക്കിൽ തന്നെ കൂട്ടുകാരോട് സംസാരിച്ചപ്പോൾ ബോധ്യമായി. എന്റെ ഗുരുവായൂരപ്പ..നല്ല tight കോമ്പറ്റിഷൻ ആണല്ലോ! അവൻ ഗദ്ഗദപ്പെട്ടു. പക്ഷെ അവന്റെ ആത്‌മവിശ്വാസം എല്ലാം ഇംഗ്ലീഷിൽ ആയിരുന്നു. ക്ലാസ്സിൽ സാമാന്യം നന്നായി ഇംഗ്ലീഷിൽ സംസാരിക്കാൻ കഴിവുള്ള പയ്യൻ ആയിരുന്നു വെങ്കിടി. ഇത് വച്ച് ഞാൻ ഒരു പൊളി പൊളിക്കും..യു ഗോട് ദിസ് മൈ ബോയ്!

അടുത്ത ആഴ്ച  തന്നെ ആ സുവർണാവസരം അവനു വീണു കിട്ടി. ക്‌ളാസിൽ മായാമിസ് റീഡിങ് കോമ്പ്രെഹെൻഷൻ ന്ടെ ഭാഗമായി ഓരോരോ പാരഗ്രാഫ് വായ്പ്പിക്കുകയായിരുന്നു.  ഇന്ന് ഞാൻ എന്റെ അക്കൗണ്ട് തുറക്കും. വെങ്കിടി  തീരുമാനിച്ചു. അവൻ സെലീനയെ ഒന്ന് നോക്കി. അന്നവളുടെ പിറന്നാൾ ആയിരുന്നു. അതിന്ടെ ഭാഗമായി സെലീന ഒരു വെള്ള ചുരിദാറും കറുത്ത പൊട്ടും ഇട്ടാണ് വന്നിരിക്കുന്നത്. ഇവൾ എന്ത് സുന്ദരിയാണ്. എനിക്ക് വേണ്ടി തന്നെയായിരിക്കും ദൈവം ഇവളെ ഈ സ്കൂളിൽ കൊണ്ട് വന്നിരിക്കുന്നത്.  ക്രിസ്ത്യാനിയായ സെലീനയെ ഹിന്ദുവായ ഞാൻ കല്യാണം കഴിച്ചാൽ സമൂഹം അംഗീകരിക്കുമോ? ഞങ്ങളുടെ ഭക്ഷണരീതികളിലെ വ്യത്യാസം ഭാവിയിലെ കുടുംബജീവിതത്തിൽ ഒരു പ്രശ്നമാകുമോ? ആ മനോരാജ്യത്തിന്ടെ നടുവിൽ എവിടെയോ അവന്ടെ പേര് വിളിക്കുന്നത് പോലെ വെങ്കിടിക്കു തോന്നി. ടീച്ചർ അവനോടു വായിക്കാൻ പറയുകയാണ്. വെങ്കിടി എഴുന്നേറ്റു നിന്ന് അവന്റെ ഭാഗം വായിച്ചു. അതിനു ശേഷം അർജുനൻ ദ്രൗപദി സ്വയംവരത്തിൽ 5 അമ്പുകളാൽ കറങ്ങുന്ന ചക്രത്തിലൂടെ മീനിന്റെ കണ്ണ് ഭേദിച്ച വീരകൃത്യത്തിലെന്യേ സെലീനയെ നോക്കി. അവൾ ഒന്ന് മൈൻഡ് പോലും ചെയ്തില്ല. ഈശ്വര എന്തൊരപമാനം! അതിന്ടെ ഗുട്ടൻസ് 5 മിനിറ്റ് കഴിഞ്ഞപ്പോൾ വെങ്കിടിക്കു മനസ്സിലായി. സെലീനയുടെ പേര് വിളിച്ചപ്പോൾ അവളും എഴുനേറ്റു വായിച്ചു. അവളുടെ ഇംഗ്ലീഷ് കേട്ടപ്പോൾ അവൻ ശരങ്ങൾ ഏറ്റു രഥതട്ടിൽ തളർന്ന പോരാളിയെ പോലെ തരിച്ചിരുന്നു. അവളുടെ ബോംബെ ഇംഗ്ലീഷ് കേട്ടിട്ട് ടീച്ചർ പോലും വിസ്മയിച്ചിരിക്കുന്നു. എന്തൊരു സ്പുടത, എന്തൊരു സ്റ്റൈൽ ആണ് അവളുടെ വായനയിൽ.ആ അക്‌സെന്റ് അവനു മനസ്സിലാവാൻ തന്നെ കൊറച്ചു സമയം വേണ്ടി വന്നു. ഇവളുടെ അടിപൊളി ഇംഗിഷ് എവിടെ കിടക്കുന്നു. എന്റെ തുക്കടാച്ചി ഇംഗിഷ് എവിടെ കിടക്കുന്നു! ഇതും കയ്യിൽ നിന്ന് പോയല്ലോ ഭഗവാനെ.വെങ്കിടിയുടെ
കോൺഫിഡൻസും ക്ലാസ്സിലെ ഇംഗ്ലീഷ് വിദ്ധ്വാൻ എന്ന പട്ടവും ഒരു നിമിഷത്തിൽ ചില്ലുകൊട്ടാരം പോലെ തകർന്നു തരിപ്പണമായി. പിന്നീടുള്ള ദിവസങ്ങളിൽ സെലീന സ്കൂളിലെ തന്നെ ഒരു താരമായി.  സ്പോർട്സ് , ആർട്സ്, എൽഎക്യൂഷൻ, മാത്‍സ് ഒളിംപ്യഡ് എന്ന് വേണ്ട ഒട്ടു മിക്ക ഇനങ്ങളിലും ഒരു പ്രതിഭയാണെന്ന് അവൾ തെളിയിച്ചു. ടീച്ചർമാരുടെ കണ്ണിലുണ്ണി ആയി സെലീന. സ്കൂളിലെ ആൺകുട്ടികൾ സീനിയർ ജൂനിയർ ഭേദമന്യേ അവളെ ഒരു നോക്ക് കാണാനും മിണ്ടാനും മൈലുകൾ സഞ്ചരിച്ചു സാൽമൺ മീനുകളെ പോലെ ക്ലാസ്സ്‌ബ്രേക്കുകളിൽ ചേക്കേറാൻ തുടങ്ങി. അപ്പുറത്തു സെലീന കത്തിക്കയറുമ്പോൾ ഇപ്പുറത്തു വെങ്കിടി എല്ലാരാലും ഉപേക്ഷിക്കപ്പെട്ട ഒരു ഗതികിട്ടാപ്രേതമായി തെക്കുവടക്കു അലഞ്ഞു തിരിയുകയായിരുന്നു. സെലീനയോടു  ഒന്ന് രണ്ടു പ്രവാശ്ശ്യം സംസാരിക്കാൻ നോക്കിയെങ്കിലും അവളുടെ ഭാഗത്തിൽ നിന്ന് വലിയ റെസ്പോൺസ് കിട്ടിയില്ല താനും. ജീവിതത്തിൽ ആകെ ഒരു ശ്മശാനമൂകത..പഴയ കളിയും ചിരിയുമൊക്കെ നഷ്ടപെട്ട പോലെ.. സ്കൂൾ ജീവിതം വെങ്കിടിക്കു പശ്ചിമേഷ്യൻ പ്രതിസന്ധി പോലെ ഒരിക്കലും തീരാത്ത ഒരു സംഘർഷമായി അനുഭവപെട്ടു.    
2 വർഷം ഇഴഞ്ഞു നീങ്ങി. ഒൻപതാം ക്ലാസ് കൊല്ലപരീക്ഷ നടക്കുന്ന സമയം. പെട്ടെന്നാണ് സന്തോഷ് അവനോട് പറയുന്നത് "എടാ വെങ്കിടി നീ അറിഞ്ഞോ..നമ്മുടെ സെലീന സ്കൂൾ മാറി പോകുകയാണ്. അവളുടെ അച്ഛന് ഡെൽഹിക്കൊ മറ്റോ വീണ്ടും ട്രാൻസ്ഫർ ആയി പോലും". അവൾ പോകുന്നതിനു മുന്നേ ഒന്നുകൂടെ സംസാരിക്കണം, വെങ്കിടി നിനച്ചു. എനിക്ക് തന്നെ ഇഷ്ടമാണെന്നു പറയണം..അവളുടെ മറുപടി എന്ത് തന്നെ ആയാലും,
തന്റെ മനസ്സിലെ കാര്യം അവതരിപ്പിക്കണം.അവസാന ദിവസത്തെ പരീക്ഷക്ക് ശേഷം സെലീനയെ കാത്തവൻ സ്കൂൾ വരാന്തയിൽ നിന്നെങ്കിലും അവളെ കണ്ടില്ല. അവളുടെ അച്ഛൻ പരീക്ഷ കഴിഞ്ഞതും കാറിൽ വിളിച്ചു കൊണ്ട് പോയെന്ന് അവൻ പിന്നീടറിഞ്ഞു. പറയാൻ കാത്തു വെച്ച ആ വാക്കുകൾ
അവന്റെ തൊണ്ടയിൽ കുടുങ്ങി. കണ്ണ് നിറഞ്ഞു. വീട്ടിൽ പോയ അവൻ അമ്മയെ കണ്ടതും ഓടി പോയി കെട്ടി പിടിച്ചു. മനസ്സിൽ ഉള്ള നൊമ്പരം അവൻ കാലത്തിന്റെ മണ്ണ് കൊണ്ട് മൂടി....

വർഷങ്ങൾ കുറെ പിന്നിട്ടു. വെങ്കിടി കോളേജ് വിദ്യാഭാസത്തിനു ശേഷം ബാംഗ്ലൂരിൽ താമസമാക്കി. സുചിത്രയെ കല്യാണം കഴിച്ചു. 2 പെൺകുട്ടികളുടെ അച്ഛനായി. വര്ഷം 2020.കോവിഡ് ലോകത്തെ മൊത്തം സ്തംഭനത്തിൽ ആക്കി. സ്കൂൾ whatsapp ഗ്രൂപ്പുകൾ സജീവമായി. വിവേകോദയം ഗ്രൂപ്പിലെ കൂട്ടുകാർ ഒക്കെ വീണ്ടും ഒരു ഗ്രൂപ്പിന്റെ ഭാഗമായി ഒത്തു ചേർന്നു. എല്ലാരും വളരെ മാറിയിരുന്നെങ്കിലും ആ പഴയ സൗഹൃദം വളരെ ഊഷമളമായിരുന്നു. സെലീന അമേരിക്കയിൽ സെറ്റൽഡ് ആണെന്നും , അവിടെ ഒരു സ്കൂളിൽ ടീച്ചർ ആണെന്നും, 1 കുട്ടിയുണ്ടെന്നും അറിഞ്ഞു. ഒരാഴ്‌ചക്കു ശേഷം സെലീന ബാംഗ്ലൂരിൽ വരുന്നുണ്ടെന്നും വരുമ്പോൾ ലീല പാലസിൽ വ്യാഴാച ഉച്ചയ്ക്ക് 12 മണിക്കും കാണാം എന്നും പറഞ്ഞു . വെങ്കിടി ഓഫീസിൽ നിന്നും ഉച്ചയ്ക്ക് അവളെ കാണാൻ പുറപ്പെട്ടു. ഒരു നൊസ്റ്റാൾജിക് ടച്ചിന് രണ്ടു കാഡ്‌ബറിസ് ചോക്ലേറ്റ്  പോക്കറ്റിൽ കരുതി. ഇത്രയും വര്ഷങ്ങള്ക്കു ശേഷം സെലീനയോടെ എന്നാണ് സംസാരിക്കേണ്ടത് എന്ന് അവനു ഒരു നിശ്ചയവും ഇല്ലായിരുന്നു. തനിക്കു അവളുടെ മേൽ തോന്നിയ ആ നഷ്ടപ്രണയം അവൾ എപ്പോഴെങ്കിലും തിരിച്ചറിഞ്ഞു കാണുമോ. ഇത്തരം ചിന്തകളിൽ മുഴുകി വെങ്കിടി ബാംഗ്ലൂർ ട്രാഫിക്കിലൂടെ മന്ദം മന്ദം വണ്ടി മുന്നോട്ടെടുത്തു.

ചിന്തകളുടെ ആ നീണ്ട യാത്രക്കൊടുവിൽ വണ്ടി ലീല പാലസിൽ എത്തി. അവിടെ റിസപ്ഷനിൽ അതാ നില്കുന്നു സെലീന. അതെ വെള്ള ചുരിദാർ. അതെ കറുത്ത പൊട്ട്. പെട്ടെന്ന് വെങ്കിടി ഒരു നിമിഷം ആ  ഒൻപതാം ക്ളാസുകാരനായി. ഇത്രയും വര്ഷങ്ങള്ക്കു ശേഷം അവളുടെ ചിരിയും, സ്മാർട്നെസ്സും അതെ പോലെ തന്നെ. ലഞ്ച് ഹാളിൽ എത്തിയപ്പോൾ അവൾ മകനെയും, ഭർത്താവിനെയും പരിചയപെടുത്തി. ലഞ്ചിന്റെ ഭാഗമായി സെലീന അവൾ സ്കൂൾ വിട്ടു ഡൽഹിക്കു പോയതും, അതിനു ശേഷം കോളേജിൽ പഠിച്ചതും, യു എസിൽ പോയതും അവിടെ ഭർത്താവിനെ ആദ്യമായി കണ്ട കാര്യങ്ങളും ഒക്കെ വിശദമായി പറഞ്ഞു. വെങ്കിടിയുടെ കാര്യങ്ങളൊക്കയും തിരക്കി. ഇതിനിടെ തോന്നോടു എപ്പോഴെങ്കിലും ഒരു മൃദു ചിന്ത തോന്നിട്ടോ എന്ന് വെങ്കിടി സുഷുക്ഷ്മം നിരീക്ഷിച്ചു. ഇല്ല, ഇവൾ ഒരു കില്ലാഡി തന്നെ. പി.ടി. ഉഷയെപ്പോലെ പിടി തരാതെയാണ് അവളുടെ വാചാലതയുടെ ഓട്ടം!

അവസാനം ഇറങ്ങാൻ നേരം സെലീന പറഞ്ഞു--വെങ്കിടി നീ ഒരു ഹെല്പ് ചെയ്യണം..എന്റെ മകൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട്..ഇംഗ്ലീഷ് ആണ് അവന്ടെ favourite subject . വില്യം ഷേക്‌സ്‌പെയർ ഇൻടേയും മറ്റും പഴയ literature ക്ലാസിക് വർക്ക് ഒക്കെ അവൻ റിവ്യൂ ചെയ്യുന്നുണ്ട്. നീ സബ്സ്ക്രൈബ് ചെയ്താൽ മാത്രം പോരാ.എല്ലാരോടും പറയുകയും വേണം.മനസ്സിൽ സങ്കടം കടിച്ചമർത്തി വെങ്കിടി പറഞ്ഞു.പിന്നെന്താ.Definitely നമുക്ക് ഉഷാറാക്കാം.

പോക്കറ്റിലുള്ള കാഡ്‌ബറിസ് ചോക്ലേറ്റ്  അവളുടെ മകന്റെ കയ്യിൽ കൊടുത്തു വിട പറയുമ്പോൾ വെങ്കിടി മായാ മിസ്സിന്റെ റീഡിങ് കോമ്പ്രെഹെൻഷൻ PTSD യിൽ നീറുകയായിരുന്നു. ഇത്രയും വർഷങ്ങൾക്കു ശേഷം ഈ നശിച്ച ഇംഗ്ലീഷ് , യൂട്യൂബ് ചാനലിന്റെ രൂപത്തിൽ വീണ്ടും വന്നിരിക്കുന്നു..ഈ ഷേക്‌സ്‌പെയരും, ചാൾസ് ഡിക്കൻസും , ചൗസെറും ഒന്നും ഒരു കാലത്തും ഗുണം പിടിക്കില്ല...സാമദ്രോഹികൾ! അവൻ മനസ്സാൽ ശപിച്ചു വീട്ടിൽ എത്തിയപ്പോൾ സുചിത്ര ചൂടുള്ള ചുക്ക് ചായ തയ്യാറാക്കിയിരുന്നു. അത് കുടിച്ചു സോഫയിൽ ഇരുന്നതും വെങ്കിടി സുചിത്രയെ നോക്കി ഒന്ന് പുഞ്ചിരിച്ചു..എന്നിട്ടു ചോദിച്ചു, എന്തൊക്കെയുണ്ട് പ്രിയേ ഇന്നത്തെ വിശേഷം?



No comments:

 
;